Mohanlal captain of Mallu league



മല്ലൂ' ലീഗില്‍ ലാല്‍ ക്യാപ്‌റ്റന്‍




സിനിമാ താരങ്ങളുടെ ഐപിഎല്ലായ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍(സിസിഎല്‍) മലയാളത്തിന്റെ സ്വന്തം ടീമിനെ മോഹന്‍ലാല്‍ നയിക്കും. അടുത്ത സീസണ്‍ മുതല്‍ മോളിവുഡിന്റെ ടീമിനെ സിസിഎല്ലിനായി ഒരുക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. പ്രിയദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ മോളിവുഡ്‌ ടീമിന്റെ സാരഥ്യം അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ മോഹന്‍ലാല്‍ ഏറ്റെടുക്കുന്നത്‌. പ്രിയനാണ്‌ ടീമിന്റെ മുഖ്യ സംഘാടകന്‍.


സിസിഎല്‍ രണ്ടാം എഡിഷന്‍ 2012 ജനുവരി 27 മുതല്‍ ഫ്രെബ്രുവരി 19 വരെയാണ്‌. മോളിവുഡ്‌ ടീമിന്റെ ഹോം ഗ്രൗണ്ട്‌ കൊച്ചിയായിരിക്കും. ടീമിന്റെ പേര്‌, ടീം അംഗങ്ങള്‍, പരിശീലകന്‍ എന്നിവയെല്ലാം വൈകാതെ പ്രഖ്യാപിക്കും. കൊച്ചിക്ക്‌ പുറമേ, ചെന്നൈ, ഹൈദരാബാദ്‌, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, അബുദാബി, ദുബായ്‌, ഷാര്‍ജ എന്നിവടങ്ങളും മത്സരങ്ങള്‍ക്ക്‌ വേദിയാകും. ക്രിക്കറ്റില്‍ നിന്നു തന്നെയുള്ള പരിശീലകനെ നിയോഗിച്ച്‌ തികച്ചും പ്രൊഫഷണല്‍ ആയി ടീമിനെ കളത്തിലിറങ്ങാനാണ്‌ അമ്മയുടെ തീരുമാനം. ലീഗിലെ മറ്റുടീമുകള്‍ ശക്‌തന്മാരാണ്‌ എന്നതാണ്‌ കാരണം.

ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ താരങ്ങളാണ്‌ ആദ്യ സിസിഎല്ലില്‍ പങ്കെടുത്തത്‌. കന്നഡയായിരുന്നു ചാമ്പ്യന്മാര്‍. ലീഗ്‌ തുടങ്ങുന്നതിനു മുമ്പുതന്നെ തമിഴ്‌നടന്‍ ശരത്‌കുമാര്‍ മലയാളത്തില്‍ നിന്ന്‌ ടീമിനെ ഇറക്കുന്ന കാര്യം ഇടവേളബാബുവിനോട്‌ ചോദിച്ചിരുന്നു. എന്നാല്‍ സൂര്യതേജസ്സോടെഅമ്മ എന്ന സ്‌റ്റേജ്‌ഷോയുടെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. അതിനുശേഷം അടുത്ത സീസണില്‍ മലയാളം ടീമിനെ ഒരുക്കണമെന്നഭ്യര്‍ഥിച്ച്‌ ലീഗ്‌ബോര്‍ഡ്‌, സംവിധായകന്‍ പ്രിയദര്‍ശനെ സമീപിച്ചു. പ്രിയന്‍ ഇതേക്കുറിച്ച്‌ അമ്മ ഭാരവാഹികളോട്‌ ചര്‍ച്ച നനടത്തുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ്‌ ടീമിനെ ഒരുക്കാന്‍ അമ്മയുടെ ജനനറല്‍ബോഡി തീരുമാനിച്ചത്‌.

മോഹന്‍ലാലിനു പുറമേ സല്‍മാന്‍ ഖാനും പുതിയ സീസണില്‍ ഉണ്ടാവും. മുംബൈ ഹീറോസിനുവേണ്ടി സല്‍മാന്‍ കളിക്കും. കഴിഞ്ഞ സീസണില്‍ സുനില്‍ ഷെട്ടി നയിച്ച ഹിന്ദിടീമില്‍ പ്രമുഖ താരങ്ങളുണ്ടായിരുന്നു. സൂര്യയായിരുന്നു തമിഴ്‌ നായകന്‍. വെങ്കിടേശ്‌ തെലുങ്ക്‌ ടീമിന്റേയും സുധീഷ്‌ കന്നഡയുടേയും ക്യാപ്‌റ്റന്മാരായി. ഒരു കളി സ്വന്തം സംസ്‌ഥാനത്ത്‌ എന്നതായിരുന്നു രീതി. 11 മത്സരങ്ങള്‍ക്കും വന്‍ ജനനക്കൂട്ടമാണ്‌ എത്തിയത്‌. സിസിഎല്ലിനു വേണ്ടി നടി ശ്രീദേവിയും ടീമുമായുണ്ട്‌. ശ്രീദേവിയും ഭര്‍ത്താവ്‌ ബോണി കപൂറും ചേര്‍ന്ന്‌ ബംഗ്ലാ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്‌. ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്‌. ബോജ്‌പുരി, ഒറിയ ടീമുകളും അടുത്ത സീസണില്‍ ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു.

Filled Under:

0 comments:

Post a Comment